Month: ഫെബ്രുവരി 2023

പ്രാർത്ഥനാ കാർഡുകൾ

ഞാൻ ഒരു ഫാക്കൽറ്റി അംഗമായി സേവനമനുഷ്ഠിച്ച എഴുത്തുകാരുടെ സമ്മേളനത്തിനിടെ, ടാമി എനിക്ക് ഒരു പോസ്റ്റ്കാർഡ് തന്നു. അതിന്റെ പുറകിൽ കൈകൊണ്ട് ഒരു പ്രാർത്ഥന എഴുതിയിരുന്നു. താൻ എല്ലാ ഫാക്കൽറ്റികളുടെയും ജീവചരിത്രങ്ങൾ വായിക്കുകയും ഓരോ കാർഡിലും പ്രത്യേക പ്രാർത്ഥനകൾ എഴുതുകയും പ്രാർത്ഥിക്കുകയും ചെയ്തുവെന്ന് അവൾ വിശദീകരിച്ചു. അവളുടെ വ്യക്തിപരമായ സന്ദേശത്തിലെ വിശദാംശങ്ങളിൽ വിസ്മയത്തോടെ നോക്കികൊണ്ട്, ടാമിയുടെ ഈയൊരു പ്രവർത്തിയിലൂടെ എന്നെ പ്രോത്സാഹിപ്പിച്ചതിന് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു. അപ്പോൾ ഞാൻ അവൾക്കുവേണ്ടി തിരിച്ചു പ്രാർത്ഥിച്ചു. സമ്മേളനത്തിനിടെ വേദനയും ക്ഷീണവും കൊണ്ട് മല്ലിട്ടപ്പോൾ ഞാൻ പോസ്റ്റ്കാർഡ് പുറത്തെടുത്തു. ടാമിയുടെ കുറിപ്പ് വീണ്ടും വായിച്ചപ്പോൾ ദൈവം എന്റെ ആത്മാവിനു ഉന്മേഷം നല്കി.  

മറ്റുള്ളവർക്കുവേണ്ടിയുള്ള പ്രാർഥനയുടെ ജീവദായകമായ സ്വാധീനം അപ്പോസ്തലനായ പൗലോസ് തിരിച്ചറിഞ്ഞു. "വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും " (എഫേസ്യർ 6:12) യുദ്ധത്തിന് തയ്യാറെടുക്കാൻ അദ്ദേഹം വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. മദ്ധ്യസ്ഥ പ്രാർത്ഥന എന്ന് നമ്മൾ വിളിക്കുന്ന കാര്യങ്ങളിൽ പരസ്പരം ഇടപെടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതിനിടയിൽ, നടന്നുകൊണ്ടിരിക്കുന്നതും നിർദ്ദിഷ്ടവുമായ പ്രാർത്ഥനകളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. പൗലോസ് “എനിക്കുവേണ്ടിയും പ്രാർത്ഥിക്കുവിൻ” എന്ന് അഭ്യർത്ഥിച്ചു, "ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമം പ്രാഗല്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായ് തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിനും ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗല്ഭ്യത്തോടെ സംസാരിക്കേണ്ടതിനും പ്രാർഥിപ്പിൻ" (വാ. 19-20).

നാം പരസ്പരം പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധാത്മാവ് നമ്മെ ആശ്വസിപ്പിക്കുകയും നമ്മുടെ തീരുമാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നമുക്ക് അവനെയും, അതുപോലെ പരസ്പരവും ആവശ്യമാണെന്ന് അവൻ ഉറപ്പിച്ചു പറയുന്നു. അവൻ നമ്മുടെ എല്ലാ പ്രാർത്ഥനകളും കേൾക്കുന്നുവെന്ന് ഉറപ്പുനൽകുന്നു-നിശബ്ദമായോ, ഉറക്കെയോ, അല്ലെങ്കിൽ ഒരു പ്രാർത്ഥനാ കാർഡിൽ എഴുതിയതോ ആയ- എല്ലാ പ്രാർത്ഥനകൾക്കും അവന്റെ പൂർണമായ ഹിതത്തിനനുസരിച്ച് ഉത്തരം നൽകുന്നു.

യഥാർത്ഥ സ്നേഹം

ല്ലാവരും സ്നേഹത്തിനായി തിരയുന്നു. എന്നാൽ യഥാർത്ഥ സ്നേഹം എങ്ങനെയിരിക്കും? എങ്ങനെ, നമ്മൾ അതു കണ്ടെത്തും? ചിലർ “സ്നേഹം” എന്നത് നമ്മുടെ ഉള്ളിലും പുറത്തും ഉണ്ടാവുന്ന വിവരണാതീതമായ ഒരു വികാരമായി കരുതുന്നു. എന്നാൽ ബൈബിൾ അതിന്റെ കാലാതീതമായ ജ്ഞാനത്തിൽ, സ്നേഹത്തെകുറിച്ച് കൂടുതൽ അർത്ഥവത്തായതും നിലനിൽക്കുന്നതുമായ ഒരു ചിത്രം നമുക്ക് നൽകുന്നു.

തുടർന്നുള്ള പേജുകളിൽ, പാസ്റ്ററും ബൈബിൾ അധ്യാപകനുമായ ബിൽ ക്രൗഡർ, 1 കൊരിന്ത്യർ 13:4-8 വാക്യങ്ങളിൽ നിന്ന് ഈ തിരുവചനസത്യം ഒരു പുതുവെളിച്ചത്തിൽ കാണുവാൻ നമ്മെ സഹായിക്കുന്നു. “സ്‌നേഹത്തിന്റെ തിളക്കമുള്ള ചിത്രശലഭം” എന്ന് ഗാനരചയിതാവ് ബോബ് ലിൻഡ് വിശേഷിപ്പിച്ചത്…

പൂർണ്ണമായ ശുദ്ധീകരണം

അടുത്തിടെ, ഞാനും ഭാര്യയും അതിഥികൾ വരുന്നതിന് മുമ്പ് ഞങ്ങളുടെ വീട് വൃത്തിയാക്കുകയായിരുന്നു. ഞങ്ങളുടെ അടുക്കളയിലെ വെളുത്ത ടൈൽ പതിച്ച തറയിൽ ചില ഇരുണ്ട പാടുകൾ ഞാൻ ശ്രദ്ധിച്ചു. അവ മുട്ടുകുത്തി നിന്ന് സ്‌ക്രബ് ചെയ്യാൻ ഞാൻ ശ്രമിച്ചു.  

എന്നാൽ താമസിയാതെ എനിക്ക് ഒരു തിരിച്ചറിവുണ്ടായി: ഞാൻ കൂടുതൽ സ്‌ക്രബ് ചെയ്യുന്തോറും മറ്റ് കറകൾ തെളിഞ്ഞുവന്നു. ഞാൻ ഇല്ലാതാക്കിയ ഓരോ കറയും മറ്റുള്ളവയെ കൂടുതൽ വ്യക്തമായി വെളിപ്പെടുത്തി. ഞങ്ങളുടെ അടുക്കളയിലെ തറ പെട്ടെന്ന് വൃത്തികെട്ടതായി തോന്നി. ഓരോ നിമിഷവും, ഞാൻ മനസ്സിലാക്കി, ഞാൻ എത്ര കഠിനാധ്വാനം ചെയ്താലും, എനിക്ക് ഒരിക്കലും ഈ തറ പൂർണ്ണമായും വൃത്തിയാക്കാൻ കഴിയില്ല.

സ്വയശുദ്ധീകരണത്തെക്കുറിച്ച് തിരുവെഴുത്തുകൾ സമാനമായ ചിലത് പറയുന്നു-പാപത്തെ സ്വന്തമായി കൈകാര്യം ചെയ്യുന്നതിനുള്ള നമ്മുടെ ഏറ്റവും മികച്ച ശ്രമങ്ങൾ എല്ലായ്പ്പോഴും കുറവുള്ളതാണ്. അവന്റെ രക്ഷ അനുഭവിക്കുന്ന ദൈവജനമായ ഇസ്രായേല്യരെക്കുറിച്ച് നിരാശ തോന്നുന്നതുപോലെ (യെശയ്യാവ് 64:5) പ്രവാചകനായ യെശയ്യാവ് എഴുതി, "ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീർന്നു; ഞങ്ങളുടെ നീതിപ്രവൃത്തികളൊക്കെയും കറപിരണ്ട തുണിപോലെ" (വാ. 6).

എന്നാൽ ദൈവത്തിന്റെ നന്മയിൽ എപ്പോഴും പ്രത്യാശ ഉണ്ടെന്ന് യെശയ്യാവ് അറിഞ്ഞു. അതുകൊണ്ട് അവൻ പ്രാർത്ഥിച്ചു: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവ്; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ” (വാക്യം 8). നമുക്ക് ശുദ്ധീകരിക്കാൻ കഴിയാത്തത് “ഹിമംപോലെ വെളുപ്പിക്കാൻ” (1:18) ദൈവത്തിന് മാത്രമേ കഴിയൂ എന്ന് അവനറിയാമായിരുന്നു. 

നമ്മുടെ ആത്മാവിലുള്ള പാപത്തിന്റെ കളങ്കങ്ങളും കറകളും നമ്മുക്ക് തുടച്ചുനീക്കാനാവില്ല. ദൈവത്തിന് നന്ദി, അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു (1 യോഹന്നാൻ 1:7).

അവന്റെ പ്രകാശത്തെ പ്രതിഫലിപ്പിക്കുക

ആർട്ടിസ്റ്റ് അർമാൻഡ് കബ്രേര തന്റെ ലാൻഡ്‌സ്‌കേപ്പ് ഓയിൽ പെയിന്റിംഗുകളിൽ പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ ഭംഗി പകർത്താൻ, ഒരു പ്രധാന കലാപരമായ തത്വം ഉപയോഗിക്കുന്നു: "പ്രതിഫലിക്കുന്ന പ്രകാശം ഒരിക്കലും അതിന്റെ ഉറവിട പ്രകാശത്തെപ്പോലെ ശക്തമല്ല." തുടക്കക്കാരായ ചിത്രകാരന്മാർ പ്രതിഫലിക്കുന്ന പ്രകാശത്തെ പെരുപ്പിച്ചു കാണിക്കുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നു. അദ്ദേഹം പറയുന്നു, "പ്രതിബിംബിക്കുന്ന പ്രകാശം നിഴലിന്റേതാണ്, അതിനാൽ അത് നിങ്ങളുടെ പെയിന്റിംഗിന്റെ നേരിട്ടുള്ള പ്രകാശ പ്രദേശങ്ങളെക്കാൾ തെളിച്ചമുള്ളതായിരിക്കരുത്."

"എല്ലാ മനുഷ്യരുടെയും വെളിച്ചം" (യോഹന്നാൻ 1:4) എന്ന നിലയിൽ യേശുവിനെ കുറിച്ച് ബൈബിളിൽ സമാനമായ ഉൾക്കാഴ്ച നാം കേൾക്കുന്നു. യോഹന്നാൻ സ്നാപകൻ, "താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻതന്നെ വന്നു" (വാക്യം 7). സുവിശേഷത്തിന്റെ  എഴുത്തുകാരൻ നമ്മോട് പറയുന്നു, “അവൻ [യോഹന്നാൻ] വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം പറയേണ്ടുന്നവനത്രേ” (വാക്യം 8).

യോഹന്നാനെപ്പോലെ, ലോകത്തിന്റെ നിഴലിൽ ജീവിക്കുന്നവരിലേക്ക് ക്രിസ്തുവിന്റെ വെളിച്ചം പ്രതിഫലിപ്പിക്കാൻ ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു. പ്രകാശത്തെ പ്രതിഫലിപ്പിക്കുക എന്നതാണ് നമ്മുടെ ചുമതല. ഒരാൾ പറഞ്ഞതുപോലെ, "ഒരുപക്ഷേ നമുക്ക് ആ ചുമതല നൽകിയിരിക്കുന്നു, കാരണം അവിശ്വാസികൾക്ക് അവന്റെ പ്രകാശത്തിന്റെ ജ്വലിക്കുന്ന മഹത്വം നേരിട്ട് വഹിക്കാൻ കഴിയില്ല." 

"ഒരു സീനിൽ നേരിട്ട് പ്രകാശം പതിക്കുന്ന എന്തും സ്വയം പ്രകാശത്തിന്റെ ഉറവിടമായി മാറുന്നു" എന്ന് കബ്രേര തന്റെ കലാ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. അതുപോലെ, "ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചമായ" (വാക്യം 9) യേശുവിന്റെ സാക്ഷികളായി, നമുക്ക് പ്രകാശിക്കാം. നാം അവനെ പ്രതിഫലിപ്പിക്കുമ്പോൾ, അവന്റെ മഹത്വം നമ്മിലൂടെ പ്രകാശിക്കുന്നത് കണ്ട് ലോകം അത്ഭുതപ്പെടട്ടെ.

ജൂറർ നമ്പർ 8

“ഒരാൾ മരിച്ചു. മറ്റൊരാളുടെ ജീവൻ അപകടത്തിലാണ്," 1957-ലെ ക്ലാസിക് സിനിമയായ 12 Angry Men-ൽ   (ഹിന്ദിയിൽ ഏക് റുകാ ഹുവാ ഫൈസ്‌ല എന്ന പേരിൽ പുനർനിർമ്മിച്ചത്), ജഡ്ജി പരിഭ്രമത്തോടെ പറയുന്നു. സംശയിക്കുന്ന യുവാവിനെതിരായ തെളിവുകൾ വളരെ വലുതാണ്. എന്നാൽ അവരുടെ ചർച്ചയ്ക്കിടെ, ജൂറിയുടെ തകർച്ചയാണ് തുറന്നുകാട്ടപ്പെട്ടത്. പന്ത്രണ്ടുപേരിൽ ഒരാൾ - ജൂറി നമ്പർ 8 - "അവൻ കുറ്റക്കാരനല്ല" എന്ന് വോട്ട് ചെയ്യുന്നു. ഒരു ചൂടേറിയ സംവാദം നടക്കുന്നു, അതിൽ ഏകാകിയായ ജൂറി, സാക്ഷ്യപത്രത്തിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ചപ്പോൾ മറ്റുള്ളവർ പരിഹസിക്കുന്നു. തുടർന്ന് വൈകാരിക രംഗങ്ങൾ ഉണ്ടാവുകയും ജൂറി അംഗങ്ങളുടെ സ്വാർത്ഥവും മുൻവിധിയുള്ളതുമായ പ്രവണതകൾ വെളിച്ചത്തുവരുകയും ചെയ്യുന്നു. പിന്നീട് ജൂറിമാർ ഓരോരുത്തരായി അവരുടെ അഭിപ്രായം മാറ്റുന്നു, ‘അവൻ കുറ്റക്കാരനല്ല’.

പുതിയ ഇസ്രായേൽ ജനതയ്ക്ക് ദൈവം തന്റെ കല്പ്പനകൾ നൽകിയപ്പോൾ, അവൻ സത്യസന്ധമായ ധൈര്യത്തിന് ഊന്നൽ നൽകി. "നിങ്ങൾ ഒരു വ്യവഹാരത്തിൽ സാക്ഷ്യം നൽകുമ്പോൾ," ദൈവം പറഞ്ഞു, "ബഹുജനപക്ഷം പക്ഷം ചേർന്ന് നീതി മറിച്ചുകളയരുത് " (പുറപ്പാട് 23:2). രസകരമെന്നു പറയട്ടെ, നിങ്ങളുടെ ഇടയിലുള്ള ദരിദ്രന്റെ വ്യവഹാരത്തിൽ "അവനോടു പക്ഷം  കാണിക്കാനോ" (വാ. 3) "അവന്റെ ന്യായം മറിച്ചുകളയുവാനോ" (വാ. 6) കോടതിക്കു അധികാരമില്ല. നീതിമാനായ ന്യായാധിപതിയായ ദൈവം, നമ്മുടെ എല്ലാ നടപടികളിലും നിർമലത ആഗ്രഹിക്കുന്നു.  

12 Angry Men-ൽ, കുറ്റക്കാരനല്ലെന്ന് വോട്ട് ചെയ്ത രണ്ടാമത്തെ ജൂറി ആദ്യത്തെയാളെക്കുറിച്ച് പറഞ്ഞു, "മറ്റുള്ളവരുടെ പരിഹാസത്തിനെതിരെ ഒറ്റയ്ക്ക് നിൽക്കുക എളുപ്പമല്ല." എങ്കിലും ദൈവം ആവശ്യപ്പെടുന്നത് അതാണ്. ജൂറി നമ്പർ 8 യഥാർത്ഥ തെളിവുകളും വിചാരണയിൽ വ്യക്തിയുടെ മനുഷ്യത്വവും കണ്ടു. പരിശുദ്ധാത്മാവിന്റെ സൗമ്യമായ മാർഗനിർദേശത്താൽ, നമുക്കും ദൈവത്തിന്റെ സത്യത്തിനുവേണ്ടി നിലകൊള്ളാനും ശക്തിയില്ലാത്തവർക്കുവേണ്ടി സംസാരിക്കാനും കഴിയും.